തിരുവനന്തപുരം : കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കും. എല്ലാ ആശുപത്രികളുടേയും പശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്
കൊറോണ പ്രതിരോധത്തിനായി വിപുലമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എല്ലാ പ്രധാന ആശുപത്രികളിലും പുതിയ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകളും നിർമ്മിക്കും. ഇതൊടൊപ്പം പീഡിയാട്രിക് ഐസിയുകളുടെ എണ്ണം നല്ലതോതിൽ വർധിപ്പിക്കുമെന്നും പിണറായി വിജയൻ അറിയിച്ചു.
യുദ്ധകാലാടിസ്ഥാനത്തിലാകും ഇക്കാര്യങ്ങൾ നടപ്പാക്കുക. എല്ലാ ആശുപത്രികളുടെയും സൗകര്യങ്ങൾ വർധിപ്പിക്കും. മൂന്നാം തരംഗം നാം ഉദ്ദേശിക്കുന്ന തരത്തിൽ പ്രാവർത്തികമായില്ലെങ്കിൽ പോസ്റ്റ് കൊറോണ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സമയത്തടക്കം ഇത് ഉപയോഗിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തിന്റെ ഭാഗമായി കുട്ടികളിലുണ്ടാകുന്ന രോഗബാധ സംബന്ധിച്ച പലതരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. പലർക്കും കടുത്ത ആശങ്കയുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.