മന്ത്രിസഭാ പുനഃസംഘടന: പ്രധാനമന്ത്രിയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി: ഇ. ശ്രീധരൻ കേന്ദ്ര മന്ത്രിസഭയിൽ എത്തുമെന്ന് സൂചന

ഡൽഹി: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയും ജെ.പി. നദ്ദയും ചേർന്ന് വിവിധ ബാച്ചുകളായി കേന്ദ്രമന്ത്രിമാരോട് ചർച്ചകൾ നടത്തി. സംസ്ഥാനങ്ങളിലെ സംഘടന പ്രവർത്തനങ്ങളുടെയും സർക്കാർ പ്രവർത്തനങ്ങളുടെയും അവലോകനവും ബി.ജെ.പി നേതൃത്വം ചർച്ച ചെയ്തു. കേരളത്തിൽ നിന്നും ഇ. ശ്രീധരൻ കേന്ദ്ര മന്ത്രി സഭയിൽ എത്തുമെന്നാണ് സൂചന.

അതേസമയം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബി.ജെ.പി നേതൃത്വത്തെ സന്ദർശിച്ചു. ഉത്തർപ്രദേശിലെ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും തലസ്ഥാനത്ത് ചർച്ചകൾ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ബി.ജെ.പി ഉന്നത നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് തൊട്ടുപിന്നാലെ ഉത്തർപ്രദേശിൽ നിന്നുള്ള പാർട്ടി സഖ്യകക്ഷികളെ അമിത്ഷാ സന്ദർശിച്ചു.

ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടി ഒരുങ്ങുമ്പോൾ, സാമൂഹിക സമവാക്യം നടപ്പാക്കാൻ ബി.ജെ.പി നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗത്തിന് ശേഷം സഖ്യകക്ഷികൾ വ്യക്തമാക്കി