തമിഴ്‌നാട് തീരത്ത് തീവ്രവാദ ഭീഷണി; കേരള തീരത്തും ജാഗ്രതാ ശക്തമാക്കിയതായി ലോക്‌നാഥ് ബെഹ്‌റ

തമിഴ്‌നാട് തീരത്ത് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള തീരത്തും ജാഗ്രതാ ശക്തമാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ. ശ്രീലങ്കയില്‍ നിന്നും രാമേശ്വരത്തേക്ക് സായുധ സംഘം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തമിഴ്‌നാട് തീരത്തിന് പിന്നാലെ കേരളത്തിലും സുരക്ഷ ശക്തമാക്കിയത്.

രാമേശ്വരം തീരം ലക്ഷ്യമാക്കി ആയുധങ്ങള്‍ നിറച്ച ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ആണ് തമിഴ്‌നാട് പൊലീസിന് മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെ കോസ്റ്റ്് ഗാര്‍ഡ് , തമിഴ്‌നാട് പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ കടലില്‍ പരിശോധന ശക്തമാക്കി. രാമേശ്വരം ,കന്യാകുമാരി, തൂത്തുക്കുടി, ചെന്നൈ എന്നീ തീരപ്രധേശങ്ങളിലാണ് നീരീക്ഷണം ശക്തമാക്കിയത്.

കോസ്റ്റ്ഗാര്‍ഡിന്റെ വിമാനങ്ങളും കടല്‍ അരിച്ച് പെറുക്കുന്നുണ്ട്. ഇവിടെ നിരീക്ഷണം ശക്തമാക്കിയാല്‍ തീവ്രവാദികള്‍ സഞ്ചരിക്കുന്ന ബോട്ട് കേരള തീരത്തേക്ക് മാറി സഞ്ചരിച്ചേക്കും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും സുരക്ഷ ശക്തമാക്കാന്‍ ഡിജിപി കോസ്റ്റല്‍ പൊലീസിനും തീരദേശത്തെ പൊലീസ് സ്റ്റേഷനുകള്‍ക്കും വിവരം കൈമാറിയത്.

തമിഴ്നാട് പൊലീസിനു പുറമെ കേന്ദ്ര ഏജന്‍സികളും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹ നീരീക്ഷണവും ശക്തമാണ്. ആയുധങ്ങളുമായി തീവ്രവാദികളുടെ സംഘം രാമേശ്വരം തീരത്തേക്ക് ബോട്ടില്‍ പുറപ്പെട്ടതായാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ സുരക്ഷാ വിഭാഗം പുറത്ത് വിട്ടിട്ടില്ല.

Tags