രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക, ദശലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി വർഷംതോറും യാതൊരു പ്രതിഫലവും വാങ്ങാതെ സന്നദ്ധമായി രക്തം ദാനം ചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ജൂൺ 14 ലോകമെമ്പാടും രക്തദാന ദിനമായി ആചരിക്കുന്നത്. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ എന്നുള്ളതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.
മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല. അതിനാൽ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കിൽ മറ്റൊരാളിൻറെ രക്തം മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ. അതാണ് രക്തദാനത്തിൻറെ പ്രസക്തി.
മനുഷ്യ രക്തത്തിനു പകരമായി മറ്റൊന്നില്ല. അപകടങ്ങൾ നടക്കുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ, രക്തം കൂടിയേ തീരൂ. രക്താർബുദ ചികിത്സയിലും അവയവങ്ങൾ മാറ്റി വെക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങൾക്കും രക്തം ജീവൻരക്ഷാമാർഗമാകുന്നു
18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും മൂന്നു മാസത്തിലൊരിക്കൽ രക്തദാനം ചെയ്യാവുന്നതാണ്. ജൻമദിനമോ വിവാഹവാർഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളിൽ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകർമ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.
അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികൾക്ക് ആവശ്യാനുസരണം രക്തം കിട്ടുവാൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്; പ്രത്യേകിച്ചും ചില അപൂർവ രക്തഗ്രൂപ്പുകൾ. പണം വാങ്ങി രക്തം വിൽക്കുന്ന നടപടി ഇപ്പോൾ നിരോധിച്ചിട്ടുണ്ട്. അതിനാൽ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളിൽ സ്വീകരിക്കുകയുള്ളു.
പ്രായപൂർത്തിയായ ഒരാളിൻറെ ശരീരത്തിൽ ശരാശരി 5 ലിറ്റർ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാൾക്കും മൂന്നു മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാവുന്നതാണ്. സാധാരണ 350 മില്ലി ലിറ്റർ രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അത്രയും രക്തം പുതുതായി ശരീരം ഉൽപ്പാദിപ്പിക്കും.
അതിനാൽ രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. മലേറിയ, എച്ച്.ഐ.വി., മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം നൽകുകയുള്ളു.