അംബാനിക്ക് സുരക്ഷയൊരുക്കാന്‍ ഇനി ചൈനീസ് വണ്ടിയും!

ഇന്ത്യയുടെ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ സുരക്ഷാ വാഹനനിര പ്രസിദ്ധമാണ്. മുമ്പുതന്നെ സര്‍ക്കാര്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുല്ള അംബാനി കുടുംബത്തിന് ആദ്യ കാലങ്ങളില്‍ മഹീന്ദ്ര സ്‌കോര്‍പിയോ, മാരുതി സുസുക്കി ജിപ്‌സി തുടങ്ങിയവയായിരുന്നു സുരക്ഷാ വാഹനങ്ങള്‍. എന്നാല്‍, പിന്നീടത് ആഡംബര വാഹനങ്ങള്‍ക്ക് വഴിമാറി. ഇപ്പോള്‍ അത്യാഡംബര വാഹനങ്ങളാണ് അംബാനിയുടെ സുരക്ഷ വാഹനവ്യൂഹനത്തില്‍ ഇടം നേടാറുള്ളത്. ബിഎംഡബ്ല്യു എക്‌സ്5 ഉള്‍പ്പെടെയുള്ള ഈ വാഹന നിരയിലേക്കെത്തിയ പുതിയൊരു അംഗമാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചവിഷയം. ചൈനീസ് വാഹ നിര്‍മ്മാതാക്കളായ എംജിയുടെ ഗ്ലോസ്റ്റര്‍ എസ്‍യുവിയും ഇപ്പോള്‍ അംബാനിയുടെ സുരക്ഷാ വാഹനനിരയില്‍ ഇടംപിടിച്ചതായി സിഎസ്12 എന്ന വ്‌ളോഗിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അംബാനിയുടെ മറ്റ് സുരക്ഷ വാഹനങ്ങള്‍ക്ക് സമാനമായി ബോഡി ഡീക്കലുകളും ബീക്കണ്‍ ലൈറ്റും സൈറണുമെല്ലാം നല്‍കിയാണ് ഗ്ലോസ്റ്ററും നിരത്തുകളില്‍ എത്തിയിട്ടുള്ളത്. അതേസമയം, വാഹനത്തില്‍ പോലീസ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പൊലീസിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ വാങ്ങിയ ഗ്ലോസ്റ്റര്‍ ആണോ, അതോ സുരക്ഷയൊരുക്കുന്ന പൊലീസ് സേനയ്ക്കായി അംബാനി തന്നെ വാങ്ങിയതാണോ എന്ന് വ്യക്തമല്ല.


അപകടങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തിന്റെ അകമ്പടിയോടെയാണ് ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തിയത്. അതുകൊണ്ട് തന്നെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഗ്ലോസ്റ്റര്‍ ഒരുപടി മുന്നിലാണ്. ഈ ഫീച്ചറായിരിക്കാം ഗ്ലോസ്റ്ററിന് അംബാനിയുടെ സുരക്ഷ വാഹനങ്ങളില്‍ ഇടം നേടി നല്‍കിയതെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ആദ്യ ലെവല്‍ വണ്‍ ഓട്ടോണമസ് വാഹനം എന്ന ഖ്യാതിയും എം.ജി. ഗ്ലോസ്റ്ററിനായിരുന്നു.


ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്‍റെ കീഴിലുള്ള എംജി മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റര്‍ എസ്‍യുവി.  2020 ഒക്ടോബര്‍ രണ്ടാം വാരമാണ് വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.  രണ്ട് ഡീസൽ എഞ്ചിനുകളുമായാണ് എംജി ഗ്ലോസ്റ്റർ വരുന്നത്. ആദ്യ രണ്ട് വേരിയന്റുകളിൽ 2.0 ലിറ്റർ ടർബോ എഞ്ചിൻ 163 bhp കരുത്തും 375 Nm torque ഉം വികസിപ്പിക്കുന്നു. സൂപ്പര്‍, ഷാര്‍പ്പ്, സ്‍മാര്‍ട്ട്, സാവി എന്നീ നാല് വേരിയന്റുകളിലാണ് എംജി ഗ്ലോസ്റ്ററിന്റെ വരവ്. രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളടക്കം 6-സീറ്റ് കോൺഫിഗറേഷനിൽ സ്മാർട്ട്, സാവി പതിപ്പുകൾ ലഭ്യമാണ്. സൂപ്പർ വേരിയന്റ് രണ്ടാം നിരയിൽ ബെഞ്ച് സീറ്റിംഗുള്ള 7-സീറ്റ് കോൺഫിഗറേഷനിൽ ലഭിക്കൂ. ഷാർപ് പതിപ്പ് 6 അല്ലെങ്കിൽ 7 സീറ്റർ കോൺഫിഗറേഷനിൽ വാങ്ങാം.
Tags