ജയ്പൂർ : രാജസ്ഥാനിൽ ചാരവൃത്തി നടത്താൻ എത്തിയതെന്ന് സംശയിക്കുന്നയാളെ സുരക്ഷാ സേന പിടികൂടി. ബസൻപീർ സ്വദേശി ഭായ് ഖാനെയാണ് പിടികൂടിയത്. ജയ്‌സാൽമെറിലെ സൈനിക മേഖലയിലെ ടിഎസ്പി ഗേറ്റിന് സമീപത്തു നിന്നായിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത്
സംശയാസ്പദമായ സാഹചര്യത്തിൽ മേഖലയിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പകൽ നേരങ്ങളിൽ ഇയാൾ ഇവിടെ എത്തിയിരുന്നു. ഇതേ തുടർന്ന് സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇന്നലെ രാത്രി ഖാനെ വീണ്ടും പ്രദേശത്ത് കണ്ടതോടെ സൈനികർ പിടികൂടുകയായിരുന്നു.
ഖാന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ചാരവൃത്തിയെന്ന് സംശയിക്കുന്ന വിവരങ്ങൾ ലഭിച്ചത്. പാകിസ്താൻ, ശ്രിലങ്ക, ലണ്ടൻ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലുള്ളവരുടെ നമ്പറുകളിൽ ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്ത് കാന്റീൻ നടത്തുന്നയാളാണ് ഖാനെന്ന് സൈനികർ പറഞ്ഞു. ഇത് മറയാക്കിയാണ് ഇയാൾ സൈനിക മേഖലയിൽ കടന്നിരുന്നത്.