ആര്‍ഷഭാരതം മാനവരാശിക്ക് നല്‍കിയ അമൂല്യ സംഭാവനകളില്‍ ഒന്നാണ് യോഗ. ഋഷികള്‍ അവരുടെ ജീവിതചര്യയായി കാത്തുസൂക്ഷിച്ചിരുന്ന ഒരു സപര്യയാണ് യോഗ എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാവില്ല.
ഋഷികളുടെയും മുനികളുടെയും ലോകത്ത് നിന്ന് സാധാരണക്കാരിലേക്ക് യോഗ ശാസ്ത്രത്തെ എത്തിച്ചത് പതഞ്ജലി മഹര്‍ഷിയാണ്. യോഗ സൂത്രം എന്ന അദ്ദേഹത്തിന്റെ 196 ശ്ലോകങ്ങള്‍ അടങ്ങുന്ന വിശിഷ്ഠ ഗ്രന്ഥമാണ് യോഗയെ ഋഷികളില്‍ നിന്നും ബ്രഹ്മചാരി കളില്‍ നിന്നും സാധാരണക്കാരന്റെയും ഗ്രഹസ്ഥരുടെയും മദ്ധ്യത്തിലേക്ക് എത്തിച്ചത്. അതിന് ശേഷം ‘യോഗ വീക്ഷണം’ കൂടുതല്‍ ജനങ്ങളിലേക്കെത്തിച്ചത് ഭഗവത്ഗീതയും ഗീതാപാരായണവുമാണ് എന്ന് നിസ്സംശയം പറയാം.
യോഗ എന്ന വാക്കിന് വളരെ ലളിതമായ ഒരു അര്‍ത്ഥം ‘ഒത്തു ചേരല്‍ അല്ലെങ്കില്‍ ‘താദാത്മ്യം പ്രാപിക്കുക’ എന്ന് വേണമെങ്കില്‍ പറയാം. മനസ്സും ശരീരവും തമ്മില്‍, ചിന്തയും വാക്കും തമ്മില്‍, വാക്കും പ്രവര്‍ത്തിയും തമ്മില്‍, അതുപോലെ മനസ്സും ആത്മാവും തമ്മില്‍ ഒക്കെയുള്ള ഒന്നിച്ച് ചേരലാണ് യോഗ എന്ന പ്രക്രിയയെ കൊണ്ട് ഉദ്ദേശിക്കുന്നത്. മനസ്സും ശരീരവും ധ്യാനത്തിലൂടെ ആത്മാവിനെ അല്ലെങ്കില്‍ സ്വന്തം അസ്ഥിത്വത്തെ മനസ്സിലാക്കുന്നിടത്താണ് യോഗ സമ്പൂര്‍ണ്ണമാവുന്നത്.
ഇന്ന് ‘യോഗ’ എന്ന പ്രക്രിയ ആത്മീയാവിഷ്‌കാരത്തിന്റെയും ധ്യാനത്തിന്റെയുമൊക്കെ അര്‍ത്ഥ സാഫല്യത്തില്‍ നിന്ന് ഹഠ യോഗത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ആസനങ്ങളിലെത്തിനില്‍ക്കുന്നത് ആധുനിക ജീവിതശൈലിയുടെ തന്നെ പ്രതിഫലനമായേ നമുക്ക് കാണാന്‍ സാധിക്കുകയുള്ളു.
ശാന്തിയിലും സമാധാനത്തിലും, കൂടെ സ്വസ്ഥതയിലും സ്വാസ്ഥ്യത്തിലുമെത്താന്‍ യോഗാസനങ്ങള്‍ ഉതകുന്നു എന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുള്ളത് കൊണ്ടും അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഹഠ യോഗത്തിന് ലഭിച്ചിട്ടുള്ള അംഗീകാരവും പ്രചാരവും ഒക്കെക്കൂടി കണക്കിലെടുത്തായിരിക്കണം ഐക്യരാഷ്ട്ര സഭയുടെ 2014 സെപ്റ്റംബര്‍ 27 ന് നടന്ന യോഗത്തില്‍ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച്, സഭ 2015 ജൂണ്‍ 21 മുതല്‍ ആ ദിവസം അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനത്തിന് 177 ലോകരാഷ്ട്രങ്ങളുടെ പിന്തുണയുണ്ടായിരുന്നു എന്ന കാര്യത്തില്‍ ഭാരതത്തിന് അഭിമാനിക്കാവുന്നതാണ്.
ഹഠയോഗത്തിന്റെ പ്രധാന സംഭാവനകളായ ധ്യാനവും പ്രാണായാമവും യോഗാസനങ്ങളും യോഗനിദ്രയുമൊക്കെ ഇന്ന് ലോക മദ്ധ്യത്ത് പ്രചുര പ്രചാരം നേടിയിരിക്കുന്നു. അമേരിക്കയില്‍ മാത്രം ഏതാണ്ട് ബില്യണ്‍ ഡോളര്‍ ബിസിനസ്സായി യോഗ മാറിയിട്ടുണ്ട്. കച്ചവട താല്‍പര്യങ്ങള്‍ക്കതീതമായി യോഗ ഇന്ന് പല രാജ്യങ്ങളും വളരെ കാര്യമായി തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന വസ്തുത ചാരിതാര്‍ത്ഥ്യ ജനകമാണ്. ഈ കോവിഡ് കാലത്ത് പ്രാണായാമവും യോഗാസനങ്ങളും രോഗപ്രതിരോധത്തിന് അനുയോജ്യമാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല. യോഗ നമ്മുടെ, പ്രത്യേകിച്ചും നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതശൈലിയുടെ ഒരുഭാഗമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ജീവിതശൈലി രോഗങ്ങളെയും കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെയും വലിയ ഒരുപരിധിവരെ തടഞ്ഞു നിര്‍ത്താന്‍ സാദ്ധ്യമാണ് എന്ന തിരിച്ചറിവാകട്ടെ ഈ യോഗ ദിനത്തിന്റെ മുഖമുദ്ര.