യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് എതിരെ ജര്‍മനിക്ക് ജയം. രണ്ടിന് എതിരെ നാല് ഗോളിനാണ് ജര്‍മനി വിജയിച്ചത്. അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിലെ രണ്ട് സെല്‍ഫ് ഗോളുകള്‍ നിലവിലെ യൂറോ ചാമ്പ്യന്മാരുടെ തോല്‍വിക്ക് ആഘാതം കൂട്ടി. ആദ്യ മത്സരത്തില്‍ ജര്‍മനി ഫ്രാന്‍സിനോട് പരാജയപ്പെട്ടിരുന്നു.
തുടരെയുള്ള ആക്രമണങ്ങള്‍ തന്നെയാണ് ജര്‍മനി ഇന്നും പുറത്തെടുത്തത്. ജര്‍മനിക്കായി 51ാം മിനിറ്റില്‍ കൈ ഹാവേര്‍ടിസും 60ാം മിനിറ്റില്‍ റോബിന്‍ ഗോസന്‍സും ഗോള്‍ വല കുലുക്കി. ഗൊസന്‍സിന്റെ ഹെഡറാണ് റുയി പട്രിസിയോയെ കീഴപ്പെടുത്തിയത്.
ആദ്യ ഗോള്‍ പോര്‍ച്ചുഗലിന് വേണ്ടി നേടിയത് 15ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാല്‍ഡോയാണ്. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം ഗോളാണിത്. പിന്നീട് 67ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയും ഗോള്‍ വല കുലുക്കി. 35ാം മിനിറ്റില്‍ ഗോസന്‍സിന്റെ ഷോട്ട് റുബന്‍ ഡയസിന്റെ കാലില്‍ തട്ടി സെല്‍ഫ് ഗോളായി. 39ാം മിനിറ്റില്‍ റാഫേല്‍ ഗുറേറോയും സെല്‍ഫ് ഗോള്‍ വഴങ്ങി. അവസാന നിമിഷത്തില്‍ കളിയിലെക്ക് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും പറങ്കികള്‍ക്ക് സാധിച്ചില്ല. ഇനി മരണ ഗ്രൂപ്പായ എഫില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും ജര്‍മനി ഹംഗറിയെയും നേരിടും.