കോൺഗ്രസിൽ ഇനി ഗ്രൂപ്പ് പാടില്ലെന്ന് കെ.സുധാകരൻ: ഇത് ട്രോളല്ലെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ ഇനി ഗ്രൂപ്പ് പാടില്ലെന്ന് നിയുക്ത കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിനായി എല്ലാ ഗ്രൂപ്പ് നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നും കെ. സുധാകരൻ അറിയിച്ചു. പുതിയ കെപിസിസി അദ്ധ്യക്ഷനായി ജൂൺ 16 ന് ചുമതലയേൽക്കാനിരിക്കെയാണ് സുധാകരന്റെ പ്രതികരണം.

കോൺഗ്രസ് ജനങ്ങളിൽ നിന്ന് അകന്നു പോയ സാഹചര്യമാണ് നിലവിലുള്ളത്. അത് പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. പാർട്ടിയെ ഒരു സെമി കേഡർ സംവിധാനമാക്കാനുള്ള കൂടിയാലോചനകൾ നടന്നുവരികയാണ്. കോൺഗ്രസിലെ ഗ്രൂപ്പുകൾ അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഇനി പാർട്ടിയ്ക്കകത്ത് ഗ്രൂപ്പ് നടപ്പില്ലെന്നും കെ സുധാകരൻ പറഞ്ഞു. പാർട്ടിയിൽ അഭിപ്രായ പ്രകടനത്തിന് ഗ്രൂപ്പ് ആവശ്യമില്ല. പാർട്ടി വിരുദ്ധത ഉണ്ടായാൽ നഷ്‌കരുണം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സുധാരൻ കൂട്ടിച്ചേർത്തു.

പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് കളിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായത് എന്ന് പാർട്ടി നേതാക്കൾ ഉൾപ്പെടെ തുറന്ന് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വമാറ്റം വേണമെന്ന ആവശ്യം ശക്തമായത്. എന്നാൽ പ്രതിപക്ഷ നേതാവായി വിഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിൽ പോലും കോൺഗ്രസിൽ വിയോജിപ്പുണ്ടായി എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.