തൃശൂർ : മാനസിക വിഭ്രാന്തിയുള്ള മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശൂർ വരന്തരപ്പിള്ളി പൗണ്ട് കച്ചേരിക്കടവ്(മൊയലൻ പടി) കിഴക്കൂടൻ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ എൽസി (75) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ജോർജിനെ(44) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയായിരുന്നു സംഭവം. അയൽക്കാരാണ് എൽസി വീടിനുള്ളിൽ മരിച്ച് കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. എൽസിയും മകൻ ജോർജും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ജോർജ് നേരത്തെ തന്നെ മാനസിക വിഭ്രാന്തിയുള്ളയാളാണ്. ഇയാൾ സ്വന്തം അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇതിന് മുൻപും ജോർജ് ഇത്തരത്തിൽ ആക്രമണം നടത്തിയിട്ടുണ്ട്. എട്ടു മാസം മുമ്പ് ജോർജിനെ ചികിത്സയ്ക്കു കൊണ്ടുപോകുന്നതിന് സഹായിക്കാനായി പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം. അഡീഷണൽ എഎസ്‌ഐയെയാണ് ജോർജ് വെട്ടിപ്പരിക്കേൽപ്പിച്ചത്. കുറെക്കാലം ജോർജ് മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് 6 മാസത്തോളമായി അമ്മയും മകനും ഒരുമിച്ച് വീട്ടിൽ താമസിച്ചു വരികയായിരുന്നു.