ശ്രീനഗർ: ഗാൽവാനിൽ വീരബലിദാനം നടത്തിയ സൈനികർക്ക് ആദരവ് . ചൈനയുടെ ആക്രമണത്തെ ശക്തമായി നേരിട്ട് ബലിദാനികളായ 20 സൈനികർക്കാണ് ആദരവ് ബലിദാന ദിനത്തിൽ ആദരവ് അർപ്പിച്ചത്. കരസേനയുടെ ശ്രീനഗറിലെ ഫയർ ആന്റ് ഫ്യൂറി കോർ സേനാമേധാവിയും സൈനികരുമാണ് ആദരവ് അർപ്പിച്ചത്. ഇരുപത് ഇന്ത്യൻ സൈനികർ ഗാൽവാനിൽ കഴിഞ്ഞ വർഷം ഇന്നേ ദിവസം നടത്തിയത് സമാനതകളില്ലാത്ത ബലിദാനമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ വിശേഷിപ്പിച്ചു.
ലേയിലെ യുദ്ധസ്മാരകത്തിൽ മേജർ ജനറൽ ആകാശ് കൗശികിന്റെ നേതൃത്വത്തിലുള്ള സൈനികരാണ് ധീരബലിദാനികൾക്ക് ആദരവ് അർപ്പിച്ചത്. രാജ്യം എന്നും ഓർക്കുന്ന അതിധീരന്മാരായ സൈനികരാണ് ജൂൺ 15,16 തിയതികളിലായി പോരാടിയത്. 42 ചൈനീസ് സൈനികരെ വധിച്ചുകൊണ്ടാണ് ഇന്ത്യൻ സൈന്യം അതിർത്തി കാത്തത്.
ലഡാക്കിലെ മുഴുവൻ അതിർത്തികളും ഗാൽവാൻ പോരാട്ടത്തോടെ സുശക്തവും സർവ്വസജ്ജവുമായെന്നും കൗശിക് പറഞ്ഞു. ഇന്ത്യൻ അതിർത്തികൾ ഇനി കാലാവ സ്ഥയ്ക്കനുസരിച്ച് സൈനികരെ എത്തിക്കുന്ന സംവിധാനത്തിലല്ല പ്രവർത്തിക്കുക. എല്ലാ മേഖലകളിലും സ്ഥിരം സൈനിക സംവിധാനമായി. ചൈനയുടെ കടന്നുകയറ്റശ്രമം നടന്നതോടെയാണ് ഹിമാലയൻ നിരകളിലെ സന്നാഹം വർദ്ധിപ്പിച്ചതെന്നും കൗശിക് പറഞ്ഞു