ഗുരുതര കൊറോണ രോഗിയെ ഐസിയുവിലേയ്ക്ക് മാറ്റാൻ വൈകി; പരിയാരത്ത് ആരോഗ്യപ്രവർത്തകരും കൊറോണ രോഗികളും തമ്മിൽ തർക്കം

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊറോണ വാർഡിൽ രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ രൂക്ഷമായ തർക്കം. ചോര ഛർദ്ദിച്ച് ഗുരുതരാവസ്ഥയിലായ കൊറോണ രോഗിയെ ജനറൽ വാർഡിൽ നിന്നും ഐസിയുവിലേക്ക് മാറ്റാൻ വൈകിയത് രോഗികൾ ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചത്. ബഹളത്തിൻറെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡോക്ടർ രോഗികൾ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി.


 
ഇന്നലെ രാത്രിയോടെയാണ് സംഭവം. ഉദരസംബന്ധമായ അസുഖമുള്ള കൊറോണ രോഗി ജനറൽ വാർഡിൽ വച്ച് ഗുരുതരാവസ്ഥയിലായി ചോര ഛർദ്ദിക്കുകയായിരുന്നു. എന്നാൽ രോഗിയെ ശുശ്രൂഷിക്കാനോ ഐസിയുവിലേയ്ക്ക് മാറ്റാനോ ഡോക്ടർമാർ വന്നില്ല. തുടർന്ന് രോഗിയെ കുടെയുള്ളവർ ഒരു വീൽചെയറിൽ കയറ്റി വാർഡിന് പുറത്ത് എത്തിച്ചു. മതിയായ ശുശ്രൂഷ നൽകുന്നില്ലെന്ന് ആരോപിച്ച് ആരോഗ്യ പ്രവർത്തകരുമായി രോഗികൾ രൂക്ഷമായ വാക്കു തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

രോഗികളും ആരോഗ്യപ്രവർത്തകരുമായുള്ള വാക്കു തർക്കം ജൂനിയർ റെസിഡന്റ് ഡോക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആശുപത്രിയിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും പരാതി നൽകിയിരിക്കുന്നത്. രോഗികൾ അസഭ്യം പറയുകയും, ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് ഡോക്ടർമാരുടെ ആരോപണം.

എന്നാൽ തങ്ങളോട് ആരോഗ്യ പ്രവർത്തകരാണ് തട്ടിക്കയറിയതെന്ന് രോഗികൾ പറയുന്നു. ദൃശ്യം പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡോക്ടർക്കെതിരെ നടപടി വേണമെന്ന് പറഞ്ഞ് രോഗികൾ കളക്ടർക്ക് പരാതി നൽകി. ആശുപത്രിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രിയും വിവരങ്ങൾ തേടിയിട്ടുണ്ട്.