ശ്രീനഗർ : ജമ്മു കശ്മീരിൽ വെങ്കിടേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം. ജമ്മുവിലെ മജീൻ ഗ്രാമത്തിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തറക്കല്ലിടൽ പരിപാടിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവർ പങ്കെടുത്തു.
62.06 ഏക്കറിലാണ് ക്ഷേത്രം പണിയുന്നത്. ക്ഷേത്രത്തിന്റെ പൂർണ നിയന്ത്രണം തിരുമല തിരുപ്പതി ദേവസ്ഥാനത്തിനായിരിക്കും. ക്ഷേത്രം നിർമ്മിക്കാൻ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് ദേവസ്ഥാനം സമർപ്പിച്ച നിർദ്ദേശങ്ങൾക്ക് ഏപ്രിൽ ഒന്നിന് മനോജ് സിൻഹ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് 40 ദിവസങ്ങൾക്ക് ശേഷം തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
വിനോദ സഞ്ചാര മേഖലയിലെ ഉണർവ്വ് ലക്ഷ്യമിട്ടാണ് കശ്മീരിൽ ക്ഷേത്രം നിർമ്മിക്കുന്നത്. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് ദിനം പ്രതി ദർശനം നടത്തുന്നത്. സമാനമായി കശ്മീരിലെ ക്ഷേത്രത്തിലും ഭക്തർ എത്തുമെന്നാണ് വിലയിരുത്തൽ.