മുംബൈ : തുച്ഛമായ ശമ്പളത്തിൽ ആറംഗ കുടുംബത്തിനെ പോറ്റാൻ പലരും ബുദ്ധിമുട്ടുന്ന കാലത്ത് 50 കുട്ടികളുടെ പഠന ചെലവുകൾ ഏറ്റെടുത്ത് വനിതാ കോൺസ്റ്റബിൾ . മുംബൈ പോലീസിലെ കോൺസ്റ്റബിളായ രെഹാനാ ഷേയ്ക്കാണ് റെയ്ഗഡിലെ വാജെ താലൂക്കിലെ ധ്യാനി വിദ്യാലയത്തിലെ അൻപത് നിർധന വിദ്യാർത്ഥികളുടെ പഠന ചെലവുകൾ ഏറ്റെടുത്തത്
കഴിഞ്ഞ വർഷം മകളുടെ ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ ആശയമുണ്ടായതെന്ന് രെഹാനാ ഷേയ്ക്ക് പറയുന്നു . ‘ കുട്ടികൾ കൂടുതലും മോശം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. അവരിൽ ചിലർക്ക് പാദരക്ഷകൾ പോലുമുണ്ടായിരുന്നില്ല ‘ അവർക്കായി ചെയ്യുന്നത് നന്മയായി തോന്നി . തുടർന്ന് പ്രിൻസിപ്പിലുമായി സംസാരിക്കുകയായിരുന്നുവെന്നും രെഹാന പറഞ്ഞു.
ഇതു കൂടാതെ കൊറോണ രോഗികൾക്ക് ഓക്സിജൻ, പ്ലാസ്മ, രക്തം, കിടക്കകൾ എന്നിവ എത്തിക്കുന്നതിനായും രെഹാന പ്രവർത്തിക്കുന്നുണ്ട് . 2000 ലാണ് രെഹാന കോൺസ്റ്റബിളായി മുംബൈ പോലീസിൽ ചേരുന്നത് . മികച്ച വോളിബോൾ കളിക്കാരിയായ രെഹാന2017 ൽ ശ്രീലങ്കയിൽ സംഘടിപ്പിച്ച മത്സരത്തിൽ മഹാരാഷ്ട്ര പോലീസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.