അഗര്‍ത്തല : രാജ്യത്തെ വാക്‌സിന്‍ വിതരണത്തില്‍ ത്രിപുര മുന്‍പന്തിയില്‍. 45 വയസ്സിന് മുകളില്‍ ഉള്ളവരില്‍ 100 ശതമാനം ആളുകളും വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതായി കണക്കുകള്‍. മുതിര്‍ന്ന എല്ലാ പൗരന്മാര്‍ക്കും ഫസ്റ്റ് ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ത്രിപുരയാണെന്നും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതലാണ് 45 വയസ്സിന് മുകളിലുള്ളവര്‍ക്കായുള്ള വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഇത് നടപ്പാക്കിയതിന് പിന്നാലെ ജൂണ്‍ 21, 22 തിയതികളില്‍ 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കായി സംസ്ഥാനത്ത് പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവും സംഘടിപ്പിച്ചു കഴിഞ്ഞു. 3,39,768 വാക്‌സിന്‍ ഡോസുകള്‍ അതായത് 18നും 44 വയസ്സിനും ഇടയിലുള്ള സംസ്ഥാനത്തെ 12 ശതമാനം ആളുകള്‍ക്കും ഈ രണ്ട് ദിവസങ്ങളില്‍ വാക്‌സിന്റെ ആദ്യ ഡോസ് വിതരണം ചെയ്യാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.
കോവിന്‍ ട്രാക്കര്‍ കണക്കുകള്‍ പ്രകാരം ത്രിപുര സംസ്ഥാനത്ത് മുന്‍ഗണനാ അടിസ്ഥാനത്തിനുള്ള 102 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. 18-44 വയസ്സ് ഗ്രൂപ്പിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 60 ശതമാനം പേര്‍ക്ക് ആദ്യഡോസ് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഈ പ്രായ പരിധിയില്‍ ഉള്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗത്തിലെ 19 ശതമാനം പേര്‍ക്കും വാക്സിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്.
സൗത്ത് ഹുറുവ, ലകാലാചേര ബ്ലോക്കിലെ ലക്ഷ്മി നഗര്‍, ഗോവിന്ദ്പൂര്‍, പനിസഗര്‍ ബ്ലാക്കിലെ അഗ്നിപസ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ മുഴുവനായും വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇവരെ അഭിനന്ദിക്കുന്നതായും ബിപ്ലബ് കുമാര്‍ അറിയിച്ചു. ജനുവരി 16ാം തിയ്യതിയാണ് വാക്സിനേഷന്‍ നടപടികള്‍ ഇന്ത്യയില്‍ ആരംഭിച്ചത്.