തിരുവനന്തപുരം: കൊറോണ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന വാക്‌സിനേഷന്‍ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടരണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ഒറ്റ ദിനം കൊണ്ട് 88.09 ലക്ഷം ഡോസ് വിതരണം ചെയ്തതിന്റെ ലോക റെക്കോര്‍ഡ് കൈവരിക്കാനായത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന മഹാവാക്‌സിനേഷന്‍ ഡ്രൈവ് കൊണ്ടാണ്. മധ്യപ്രദേശ് തിങ്കളാഴ്ച 17.14 ലക്ഷം ഡോസും കര്‍ണാടക 11.37 ലക്ഷം ഡോസും യുപി 7.46 ലക്ഷം ഡോസും വിതരണം ചെയ്തു. മധ്യപ്രദേശില്‍ 20 വരെയുള്ള 4 ദിവസം ആകെ 1.6 ലക്ഷം ഡോസുകളാണ് നല്‍കിയത്.
വാക്‌സിനേഷന്‍ വേഗം കൂട്ടാനായി 2,26,780 ഡോസ് വാക്സിന്‍ കൂടി കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇന്നു നല്‍കി. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്സിനും 50,000 കോവാക്സിനുമാണ് നല്‍കിയത്. കോവാക്സിന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം 53,500, എറണാകുളം 61,640, കോഴിക്കോട് 61,640 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്സിനാണ് അനുവദിച്ചത്. അതില്‍ എറണാകുളത്തെ വാക്സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും വാക്സിന്‍ രാത്രിയോടെ എത്തുന്നതാണ്.
ഇതുകൂടാതെ 900 കോള്‍ഡ് ബോക്സുകള്‍ കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 240 കോള്‍ഡ് ബോക്സുകള്‍ വീതം എത്തിയിട്ടുണ്ട്. വാക്സിന്‍ കേടാകാതെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്നതാണ് കോള്‍ഡ് ബോക്സ്. താപനഷ്ടം പരമാവധി കുറയ്ക്കും വിധം പ്രത്യേക പോളിമറുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ നേരം വൈദ്യുതി തടസപ്പെടുകയോ ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍ കേടാകുകയോ ചെയ്യുന്ന അവസരങ്ങളില്‍ വാക്സിനുകള്‍ സൂക്ഷിക്കാനാണ് കോള്‍ഡ് ബോക്സുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ ജില്ലാ റീജിയണല്‍ വാക്സിന്‍ സ്റ്റോറുകളില്‍ നിന്ന് വാക്സിന്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു. 5 ലിറ്ററിന്റേയും 20 ലിറ്ററിന്റേയും കോള്‍ഡ് ബോക്സുകളുമാണുള്ളത്. 20 ലിറ്ററിന്റെ കോള്‍ഡ് ബോക്സുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്.