ന്യൂഡൽഹി: കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടാൻ സാമ്പത്തിക പാക്കേജുമായി കേന്ദ്രസർക്കാർ. 20,000 കോടിയിലധികം രൂപയുടെ സാമ്പത്തിക പാക്കേജ് ഒരുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ആരോഗ്യ-ധനകാര്യ മന്ത്രാലങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്. കൊറോണയുടെ മൂന്നാം തരംഗ സാദ്ധ്യതയുടെ പശ്ചാത്തലത്തിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് തുക വിനിയോഗിക്കുന്നത്. പാക്കേജിന് രൂപം നൽകാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്.
കൊറോണയുടെ ചികിത്സാ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കുക, ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ അടിയന്തിര സാഹചര്യത്തെ നേരിടാൻ ആവശ്യമായ കാര്യങ്ങൾ ഒരുക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം തരംഗത്തെ കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് തീരുമാനം.
രണ്ടാം തരംഗത്തിൽ ഡെൽറ്റ വകഭേദമാണ് മാരകമായത്. മൂന്നാം തരംഗത്തിൽ ഡെൽറ്റ പ്ലസ് വകഭേദം മാരകമാകാനാണ് സാദ്ധ്യതയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെൽറ്റ പ്ലസ് അതി മാരകവും അതിതീവ്ര വ്യാപന ശേഷിയുള്ളതെന്നുമാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യത്തിലൂന്നിയ സാമ്പത്തിക പാക്കേജ് അടക്കമുള്ള നടപടികൾ വേഗത്തിലാക്കുന്നത്.