ഹൈദരാബാദ് : മുൻ മന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി സ്ഥാപക നേതാവുമായ എട്ടാല രാജേന്ദ്രൻ എംഎൽഎ സ്ഥാനം രാജിവെച്ചു. പാർട്ടിയിൽ നിന്നും അദ്ദേഹം നേരത്തെ രാജിവെച്ചിരുന്നു. അതേസമയം എട്ടാല രാജേന്ദ്രൻ ഉടൻ ബിജെപിയിൽ ചേരും എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ജൂൺ 14 ന് ഡൽഹിയിൽ വെച്ച് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. മുൻ ടിആർഎസ് എംഎൽഎ ഇനുഗു രവീന്ദ്ര റെഡ്ഡി, മുൻ ജില്ലാ ചെയർ പഴ്‌സൺ തുല ഉമ എന്നിവരോടൊപ്പമാകും അദ്ദേഹം ഡൽഹിയിലെത്തുക. ടിഎസ്ആർടിസി എംപ്ലോയീസ് നേതാവ് അശ്വധാമ റെഡ്ഡിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും എന്നാണ് വിവരം.
ചന്ദ്രശേഖര റാവുവിന്റെ അരാജകത്വ ഭരണത്തിന് സാക്ഷ്യം വഹിച്ച നേതാവാണ് ഇപ്പോൾ പാർട്ടിയിൽ നിന്നും രാജി വെച്ചിരിക്കുന്നത് എന്ന് ബിജെപി ജനറൽ സെക്രട്ടറി തരുൺ ചോഗ് വ്യക്തമാക്കി. സ്വേച്ഛാധിപത്യവും, സ്വജനപക്ഷപാതവുമായുള്ള രാഷ്ട്രീയം അവസാനിപ്പിച്ച് ബിജെപി ഭരണത്തിലേറാൻ ആഗ്രഹിക്കുകയാണ് തെലങ്കാനയിലെ ജനങ്ങൾ. എട്ടാല രാജേന്ദ്രൻ ഉടൻ തന്നെ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023 ൽ തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ഭരണത്തിലേറാനുള്ള കരുക്കൾ നീക്കുകയാണ് ബിജെപി.