യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമന വിവാദത്തിൽ ചർച്ചയ്‌ക്കൊരുങ്ങി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി എബ്രഹാം റോയി മാണി ട്വന്റിഫോറിനോട് പറഞ്ഞു. വക്താക്കളുടെ നിയമനം ഷാഫി പറമ്പിൽ അറിഞ്ഞിട്ടില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത് പ്രകാരമാണ് താത്കാലികമായി പട്ടിക മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് പുതിയ നിയമനം നടത്തുമെന്നും അറിയിച്ചു.
അർജുൻ രാധാകൃഷ്‌ണന്റെ കഴിവ് പരിഗണിച്ചാണ് യൂത്ത് കോൺഗ്രസ് വക്താവായി നിയമിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ എന്നത് അയോഗ്യതയല്ലെന്നും ദേശീയ ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. വക്താക്കളുടെ നിയമനത്തിൽ കെ.സി. വേണുഗോപാലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വം മാത്രമാണ് വക്താക്കളുടെ നിയമനം സംബന്ധിച്ച ടാലന്റ് ഹണ്ടിൽ ഇടപ്പെട്ടതെന്നും എബ്രഹാം റോയി മാണി അറിയിച്ചു. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
‘യങ് ഇന്ത്യൻ ക്യാൻ ബോൽ’ എന്ന ടാലന്റ് ഹണ്ടിലൂടെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വക്താക്കളെ ദേശീയ നേതൃത്വം നിയമിച്ചത്. സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. കഴിവ് പരിഗണിച്ചാണ് വക്താക്കളെ നിയമിച്ചതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വാദം. സംസ്ഥാന വക്താക്കളുടെ നിയമനത്തെ കുറിച്ച് അറിവില്ലായിരുന്നെന്ന് സംസ്ഥാന അധ്യകഷൻ ഷാഫി പറമ്പിൽ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന കമ്മിയടിയിൽ ഷാഫി പറമ്പിലിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വക്താക്കളുടെ പട്ടിക പിൻവലിച്ച്, പുതിയ വക്താക്കളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് സംസ്ഥന നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.