സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ വിജയികളെ ഇന്നറിയാം. തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ഉച്ചക്ക് രണ്ട് മണിക്ക് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ( onam bumper lottery 2021 )
300 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്റെ വില. 12 കോടി രൂപയാണ് തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബമ്പർ സമ്മാന തുക 12 കോടി രൂപയാക്കിയത്.
രണ്ടാം സമ്മാനമായി ആറു പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.
ഒന്നാം സമ്മാനം ലഭിച്ചാൽ വിജയിയുടെ കൈയിൽ എത്ര കിട്ടും ?
12 കോടി രൂപയിൽ നിന്ന് ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജൻസി കമ്മീഷൻ. ഏജൻസി കമ്മീഷൻ കഴിഞ്ഞ് ബാക്കിവരുന്ന തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും.
1.20 കോടി രൂപ ഏജൻസി കമ്മീഷനായും ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപ ആദായ നികുതിയായും പോലും. ഇതു രണ്ടും കുറച്ച് ബാക്കി വരുന്ന 7 കോടിയോളം രൂപയാകും സമ്മാനാർഹന് ലഭിക്കുക.
ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന പരമാവധി ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. 54 ലക്ഷം ടിക്കറ്റുകള്‍ ആകെ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.