സംസ്ഥാനത്തെ കൊവിഡിൻ്റെ പൊതു സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം വിലയിരുത്തും. വാക്സിനേഷൻ പരമാവധി വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകാനുള്ള ക്രമീകരണങ്ങൾ മന്ത്രിസഭ വിലയിരുത്തും. നൂറ് ദിന കർമ്മ പരിപാടികളുടെ പുരോഗതിയും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. ( kerala cabinet meeting today )
സംസ്ഥാനത്ത് രോഗ വ്യാപനം കുറയുന്നു എന്നതാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇന്നലെ പുറത്ത് വന്ന കണക്കുകൾ പ്രകാരം ടിപിആർ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇന്നലെ 15,876 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.
അതേസമയം, സംസ്ഥാനത്തിന് ഇന്നലെ 14, 25,150 ഡോസ് കൊവിഷീൽഡ് വാക്സിൻ ലഭ്യമായതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം 3,27,810.
എറണാകുളം 8,38,130, കോഴിക്കോട് 2,59, 210 എന്നിങ്ങനെയാണ് വാക്സിൻ ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് അടുക്കുകയാണ്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും(2,28,18,901) 31.52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (90,51,085) നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,18,69,986) ഡോസ് വാക്‌സിന്‍ നല്‍കാനായി.
ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി മതിയായ വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണ്. വാക്‌സിന്‍ എടുത്തിട്ടില്ലാത്ത കോളജ് വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പടേണ്ടതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.