വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എയർ ടാക്‌സി സർവ്വീസ് ഒരുക്കാൻ യോഗി സർക്കാർ

ലക്‌നൗ: ഹെലികോപ്ടർ ടാക്‌സി സർവ്വീസ് ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ്. ഡിസംബറോടെ എയർ ടാക്‌സി പദ്ധതി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചാണ് സർവ്വീസ് ആരംഭിക്കുക. ടൂറിസം കേന്ദ്രങ്ങളിലേക്ക് നിരവധി ആളുകളെ എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നും സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു.

കൊറോണയുടെ പശ്ചാത്തലത്തിൽ തിരക്കേറിയ ട്രെയിനിലും ബസ്സിലും യാത്ര ചെയ്യാൻ ആളുകൾ മടിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ ഹെലികോപ്ടർ ടാക്‌സി ഫലപ്രദമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പദ്ധതി ആരംഭിക്കുന്നതിനായി ആഗ്രയിൽ ഹെലിപോർട്ട് തയ്യാറാണ്. മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹെലിപോർട്ട് സംവിധാനം ഉടൻ ഒരുക്കുമെന്ന് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മിശ്രം അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി അന്ന് തന്നെ മടങ്ങുന്ന രീതിയിലാവും സർവീസ്. ബോധ്ഗയയിലും കുഷിനഗറിലും സമാനമായ രീതിയിൽ സേവനമൊരുക്കുമെന്നും മുകേഷ് കുമാർ പറഞ്ഞു. സ്വകാര്യ-പൊതു പങ്കാളിത്ത (പിപിപി) മാതൃകയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പദ്ധതിയെന്നും മുകേഷ് കുമാർ മിശ്രം കൂട്ടിച്ചേർത്തു.

ആഗ്ര കൂടാതെ പ്രയാഗ്‌രാജ്, വിന്ധ്യാചൽ, ലഖ്‌നോ, വാരണാസി എന്നിവിടങ്ങളിലും സേവനം ഒരുക്കും. വിദേശികളായ വിനോദ സഞ്ചാരികളേയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. യാത്രാ അസൗകര്യം കാരണം സംസ്ഥാനത്തേയ്‌ക്ക് വരാൻ വിദേശികൾ മടിക്കാറുണ്ട്. ഹെലികോപ്ടർ ടാക്‌സി ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് വിലയിരുത്തൽ.
Tags