'മാമാങ്കം' ടീം വീണ്ടും ഒന്നിക്കുന്നു; വരാനിരിക്കുന്നത് വിസ്‍മയ ചിത്രമെന്ന് വേണു കുന്നപ്പിള്ളി


'മാമാങ്കം' നിര്‍മ്മിച്ച വേണു കുന്നപ്പിള്ളി മമ്മൂട്ടിയുമായി വീണ്ടുമൊന്നിക്കുന്ന ഒരു ചിത്രം നേരത്തേ കണ്‍ഫേം ചെയ്യപ്പെട്ടിരുന്നു. അതേസമയം അത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നുമില്ല. ഇപ്പോഴിതാ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാണ കമ്പനിയായ കാവ്യ ഫിലിംസ്. 'മെഗാസ്റ്റാറും കാവ്യ ഫിലിംസും ഒരുമിക്കുന്ന വിസ്‍മയ ചിത്രത്തിന്‍റെ പ്രഖ്യാപനത്തിനായി കാത്തിരിക്കൂ' എന്നാണ് നിര്‍മ്മാതാവ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രഖ്യാപനം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടാവുമെന്ന സൂചന നല്‍കിക്കൊണ്ടാണ് അറിയിപ്പ്.

സിനിമയില്‍ അന്‍പതാണ്ട് പൂര്‍ത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ബിജെപിയുടെ ആദരം അര്‍പ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ വേണു കുന്നപ്പിള്ളിയും അവിടെ ഉണ്ടായിരുന്നു. സുരേന്ദ്രന്‍ പങ്കുവച്ച ചില ചിത്രങ്ങളില്‍ നിന്ന് നിര്‍മ്മാതാവിനെ തിരിച്ചറിഞ്ഞ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ പ്രോജക്റ്റ് ആണോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ആലോചനാഘട്ടത്തിലുള്ള ഈ പ്രോജക്റ്റ് പിന്നാലെ കണ്‍ഫേം ചെയ്‍തിരുന്നു.


എം പത്മകുമാര്‍ സംവിധാനം ചെയ്‍ത പിരീഡ് ആക്ഷന്‍ ചിത്രമായ 'മാമാങ്കം' 2019ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, അച്യുതന്‍ ബി നായര്‍, സിദ്ദിഖ്, പ്രാചി തെഹ്‍ലാന്‍, സുരേഷ് കൃഷ്‍ണ, മണിക്കുട്ടന്‍, സുദേവ് നായര്‍, കനിഹ, അനു സിത്താര. ഇനിയ തുടങ്ങി വലിയ താരനിരയും ഉണ്ടായിരുന്നു. അതേസമയം 'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വ്വം', നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന 'പുഴു' എന്നിവയാണ് മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം 'ഏജന്‍റി'ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.