ഇടുക്കി പണിക്കന്‍കുടിയിലെ സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായി മര്‍ദിച്ച ശേഷമായിരുന്നു കൊലപാതകം. മര്‍ദനത്തില്‍ സിന്ധുവിന്റെ വാരിയെല്ലുകള്‍ പൊട്ടിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
അതിനിടെ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊാലീസ് പറഞ്ഞു. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതിക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.
ഇന്നലെയാണ് പണിക്കന്‍കുടിയില്‍ വീടിനകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സിന്ധുവിന് അടുപ്പമുണ്ടായിരുന്ന സമീപവാസി ബിനോയിയുടെ വീട്ടില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുക്കുകയും മൃതദേഹം സിന്ധുവിന്റേതു തന്നെയാണ് തിരിച്ചറിയുകയും ചെയ്തു.
അതിനിടെ കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം രംഗത്തെത്തി. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയ അടുകളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിരുന്നു. അതും അന്വേഷിച്ചില്ല. ഓഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവില്‍ പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു.