ഇനി ഒരു പാർട്ടിയിലേക്കുമില്ലെന്ന് കോൺഗ്രസ് പാർട്ടി വിട്ട എ വി ഗോപിനാഥ്

ഒരു പാർട്ടിയിലും ചേരില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് പാർട്ടി വിട്ട എ വി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയിൽ നേതൃകൺവൻഷൻ യോഗം ചേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ വി ഗോപിനാഥിന്റെ നിലപാടിനൊപ്പം നിൽക്കുമെന്ന് കോൺഗ്രസും വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മുന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. വികാരാധീനനായി ആണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്.

50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധമാണ് അവസാനിപ്പിച്ചതെന്നും കോണ്‍ഗ്രസിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു തന്റേതെന്നും എ വി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. രാജിവച്ചെങ്കിലും ഉടന്‍ മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല. പിണറായി വിജയന്‍ സമുന്നതനായ നേതാവാണെന്ന് പറഞ്ഞ എ വി ഗോപിനാഥ് സിപിഐഎമ്മുമായുള്ള സഹകരണം തള്ളാതെയാണ് പ്രതികരണം നടത്തിയത്. കാലക്രമേണയുള്ള നയങ്ങളുടെ അടിസ്ഥാനത്തിലാകും തന്റെ ഭാവിതീരുമാനങ്ങള്‍. നല്ല പ്രകാശം മുന്നില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Tags