ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച പത്ത് വയസുകാരി മരിച്ചു; 29 പേർ ആശുപത്രിയിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച പത്ത് വയസുകാരി മരിച്ചു. ലക്ഷ്മി നഗർ സ്വദേശി ആനന്ദന്റെ മകൾ ലോഷിണിയാണ് മരിച്ചത്. തിരുവണ്ണാമലൈ ജില്ലയിലെ ആരണി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നാണ് കുട്ടി ഭക്ഷണം കഴിച്ചത്. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 29 പേരെ ഛർദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബസമേതമാണ് ഇവർ ഹോട്ടലിൽ നിന്ന് ബിരിയാണിയും ചിക്കനും കഴിച്ചത്. വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. ഉടൻ തന്നെ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബത്തിലെ മറ്റ് മൂന്ന് പേരും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ആളുകളും ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ റവന്യൂ അധികൃതരും പോലീസും ഹോട്ടലിൽ പരിശോധന നടത്തി. പാചകത്തിനായി സൂക്ഷിച്ചിരുന്ന 15 കിലോ പഴകിയ കോഴിയിറച്ചാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ഭക്ഷണ സാംപിൾ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. ഹോട്ടൽ സീൽ ചെയ്തതിന് ശേഷം ഹോട്ടലുടമ അംജദ് ബാഷ, പാചകക്കാരൻ മുനിയാണ്ടി എന്നിവരെ ആരണി ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.
Tags