ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി. 2016 ൽ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിനെ തുടർന്ന് നഷ്ടം നേരിട്ട യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ് ശരിവച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
ജില്ലാ ഉപഭോക്തൃ ഫോറം റെയിൽവേയുടെ സേവനത്തിലെ പോരായ്മയായി ഇതിനെ ചൂണ്ടിക്കാട്ടി. അസംതൃപ്തനായ യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ വീതം ഇവര്‍ നേരിട്ട മാനസിക ക്ലേശത്തിന് പരിഹാരമായും അതിന് പുറമേ വ്യവഹാര ചെലവും ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു തര്‍ക്കപരിഹാര സമിതി നോർത്ത് വെസ്റ്റേൺ റെയിൽവേയോട് നിർദേശിച്ചത്.
ഈ നടപടിക്കെതിരെയാണ് റെയില്‍വേ സുപ്രിംകോടതിയില്‍ എത്തയിതും തിരിച്ചടി നേരിട്ടതും. ട്രെയിന്‍ വൈകി ഓടുന്നത് റെയില്‍വേയുടെ സേവനത്തില്‍ ഉണ്ടാകുന്ന വീഴ്‍ച അല്ലെന്നായിരുന്നു കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദം. പക്ഷേ, നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര സമിതിയുടെ ഉത്തരവില്‍ കോടതിയുടെ ഇടപെടല്‍ വേണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.