കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിലുള്ള 15 സാമ്പിൾ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 123 സാമ്പിളുകളാണ് നെഗറ്റീവായത്. നിപ പ്രതിരോധത്തിൻ്റെ ജാഗ്രത പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിൻ്റെ റിപ്പോർട്ട് പ്രതീക്ഷിക്കുന്നുവെന്നും ഉറവിട പരിശോധന തുടരുകയാണെന്നും വീണാ ജോര്‍ജ് അറിയിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിലും സീറോ പ്രിവെലൻസ് പഠനം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദ്യ ഘട്ടത്തിൽ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധന ഫലവും നെഗറ്റിവാണ്. ആദ്യ ഘട്ടത്തിൽ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച 22 ആടുകളുടെയും വവ്വാലുകളുടെയും സാമ്പിൾ പരിശോധനാഫലവും ഇന്നലെ വൈകിട്ടോടെ നെഗറ്റീവായി. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സാമ്പിൾ പരിശോധിച്ചത്.