കൃഷ്ണയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം; പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് അധ്യാപിക

പാലക്കാട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനി
കൃഷ്ണയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമെന്ന് അധ്യാപിക എന്‍. രാധിക. പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക പറഞ്ഞു. ഗൈഡായിരുന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കൃഷ്ണയുടെ ബന്ധുക്കളുടെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അധ്യാപിക.


ഇന്നലെ രാത്രിയാണ് കൃഷ്ണയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണ. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം തയാറാക്കിയ പ്രബന്ധം ഗൈഡ് നിരസിച്ചതിന്റെയും നിരന്തരമായ മാനസിക പീഡനത്തെയും തുടര്‍ന്നാണ് ആത്മഹത്യയെന്ന് സഹോദരി ആരോപിച്ചിരുന്നു. നിലവിലെ ഗൈഡ് എന്‍. രാധികയ്ക്ക് പുറമേ മുന്‍ ഗൈഡ് കൃഷ്ണ തമ്പാട്ടിക്കുമെതിരെയാണ് ആരോപണം.

വിഷയം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കെ.ബാബു എംഎല്‍എ പറഞ്ഞു. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലങ്കോട് പൊലീസ് അന്വേഷണം തുടങ്ങി.
Tags