കണ്ണൂർ ഡി.സി.സി. ഓഫീസ് ഉദ്‌ഘാടനത്തിൽ പങ്കെടുക്കാതെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നിന്ന് ഇരു നേതാക്കളും വിട്ടു നിന്നു. ഉദ്‌ഘാടന ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കാമെന്ന് ഇരുവരും അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാതെ വിട്ടു നിൽക്കുകയായിരുന്നു.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് കണ്ണൂർ ഡി.സി.സി. ഓഫീസ് ഉദ്‌ഘാടനത്തിനായി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒഴികെയുളള നേതാക്കൾ കണ്ണൂരിലെത്തിയത്. പാർട്ടി പുനഃസംഘടന കാര്യത്തിൽ ഇന്ന് കണ്ണൂരിൽ നടക്കുന്ന ചർച്ചയിൽ നിർണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ്, കെ.പി.സി സി പ്രസിഡന്റ്, വർക്കിങ് പ്രസിഡണ്ടുമാർ തുടങ്ങി പ്രധാന നേതാക്കളെല്ലാം ഇന്നലെ രാത്രി തന്നെ കണ്ണൂരിലെത്തി കഴിഞ്ഞു. ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയാണ് നേതാക്കളുടെ സന്ദർശന ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ആഭ്യന്തര കലഹം പരിഹരിക്കാനുളള ചർച്ചകൾക്ക് ഇന്നലെ തന്നെ നേതാക്കൾ തുടക്കമിട്ടു കഴിഞ്ഞു. ഉച്ചയോടെ കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കെ.സുധാകരനുമായി രണ്ട് വട്ടമാണ് ചർച്ച നടത്തിയത്.