കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്‌ക് ഭീഷണിയിൽ സംസ്ഥാനം. കൊച്ചിയിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ (മിസ്ക്) രോഗം ബാധിച്ച് പത്ത് വയസുകാരൻ ചികിത്സയിലാണ്. തോപ്പുംപടി സ്വദേശിയായ വിദ്യാർത്ഥി എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
സംസ്ഥാനത്ത് ആഗസ്റ്റ് വരെ മുന്നൂറോളം കുട്ടികൾക്ക് മിസ്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 85 ശതമാനം കുട്ടികൾക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിലായി നാലു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദഗ്ധ ചികിത്സ ലഭിക്കാത്ത കുട്ടികൾക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.