മാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ

മംഗളൂരു: മാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്ന് പേരെ പിടികൂടി എക്‌സൈസ്. വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറു ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് മൂന്ന് പേരെയും കേരള കർണ്ണാടക അതിർത്തിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയത്.

തിരുവനന്തപുരം സ്വദേശികളായ ചിറയിൻകീഴ് അമൃതം വീട്ടിൽ യദുകൃഷ്ണൻ എം(25), പൂന്തുറ പടിഞ്ഞാറ്റിൽ വീട്ടിൽ ശ്രുതി എസ്.എൻ.(25), കോഴിക്കോട് വെള്ളിമാട്കുന്ന് മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഫത്ത് മഹൽ നൗഷാദ് പി ടി(40 )എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ് എക്‌സൈസ്. പിടിയിലായ യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരെന്ന് എക്സൈസ് അറിയിച്ചു.

ബാവലി ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്‌ക്കിടെയാണ് സംഘം പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടുന്നത്. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
Tags