തിരുവനന്തപുരം : നീണ്ട ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ആരംഭിക്കുന്നു. ഒക്ടോബർ നാലിന് കോളേജുകൾ തുടങ്ങുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൊറോണ വ്യാപനം വർദ്ധിക്കുമ്പോഴും സംസ്ഥാനത്ത് കൂടുതൽ ഇളവുകളാണ് സർക്കാർ പ്രഖ്യാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ ബിരുദബിരുദാനന്തര ബിരുദ കോളേജുകളിലെ അവസാന വർഷ വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുക.
മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പോളിടെക്‌നിക്കുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കാൻ പോകുന്നത്. ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്കും ക്ലാസുകൾ ആരംഭിക്കും. കെടിയു എഞ്ചിനിയറിംഗ് അവസാന വർഷ ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെച്ചു.
ഐഐഎം, എൻഐടി, ഐഐഎസ്റ്റി, ഐഐടി എന്നീ സ്ഥാപനങ്ങൾ ആരംഭിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ തൊട്ടടുത്ത ഹോസ്റ്റലുകളിലോ ക്യാംപസിലോ മറ്റോ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങൾക്കും ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. എംബിബിഎസ് അടക്കമുള്ള കോഴ്‌സുകൾക്ക് അവസാന വർഷ ക്ലാസുകൾ ഇതിനോടകം ആരംഭിച്ചു.
അതേസമയം വിദ്യാർത്ഥികളും അദ്ധ്യാപകരും ഓഫീസ് ജീവനക്കാരും നിർബന്ധമായും ഒരു ഡോസ് വാക്‌സിൻ എടുത്തിരിക്കണമെന്ന് സർക്കാർ നിർദ്ദേശത്തിൽ പറയുന്നു. ഹോസ്റ്റലുകളിൽ നിന്നോ ക്യാമ്പസിൽ നിന്നോ പുറത്തേക്കോ അകത്തേക്കോ ആരും തന്നെ പ്രവേശിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഇവിടുളളവരും ഒരു ഡോസ് വാക്‌സിൻ നിർബന്ധമായും സ്വീകരിക്കണം.
എന്നാൽ കേരളത്തിൽ സ്‌കൂളുകൾ എപ്പോൾ തുറന്ന് പ്രവർത്തിക്കും എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ല. പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല