തൃശൂർ : വയോധികരായ മാതാപിതാക്കളെ മകൻ അടിച്ചുകൊന്നു. തൃശൂർ അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്ണൻ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ മദ്യപിച്ചെത്തിയ പ്രദീപ് കമ്പിപ്പാര ഉപയോഗിച്ചാണ് മാതാപിതാക്കളെ ആക്രമിച്ചത്. രാമകൃഷ്ണന്റെ തലയ്‌ക്കാണ് അടിയേറ്റത്. മകന്റെ ആക്രമണത്തിൽ അമ്മ തങ്കമണിക്കും ഗുരുതരമായി പരിക്കേറ്റു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരേയും ഉടൻ തന്നെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ രാത്രി പത്ത് മണിയോടെ രാമകൃഷ്ണൻ മരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ തങ്കമണിയും മരിച്ചു.
സ്വത്ത് തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മദ്യത്തിന് അടിമയായ പ്രദീപ് ഉപദ്രവിക്കുക പതിവായിരുന്നു. പ്രദീപിന്റെ ഉപദ്രവം സഹിക്കവയ്യാതെ ഭാര്യയും മക്കളും സ്വന്തം വീട്ടിലാണ് താമസം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം പൂർത്തിയാക്കി