കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന ഭീഷണി കേസ് എൻഐഎ ഏറ്റെടുത്തേക്കും. രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവമായതിനാലാണ് കേസ് എൻഐഎക്ക് വിടാൻ ശുപാർശ ചെയ്യുന്നത്. ഗൗരവമുള്ള കേസായതിനാൽ ശുപാർശ ഡിജിപിക്ക് കൈമാറുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഭീഷണി സന്ദേശത്തിൽ കപ്പൽ ജീവനക്കാരുടെ പേരും പദവികളും ഉൾപ്പെടുന്നുണ്ട്. ജീവനക്കാർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. ഇവരെ ചോദ്യം ചെയ്‌തേക്കാനും സാധ്യതയുണ്ട്. ഇ-മെയിൽ വഴി ലഭിച്ച സന്ദേശമായതിനാൽ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കും. സന്ദേശം ലഭിച്ചതിന് പിന്നാലെ ഐഎൻഎസ് വിക്രാന്തിന് സമീപം നങ്കൂരമിട്ട നാല് കപ്പലുകളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. കപ്പൽ ശാലയുടെ പരാതിയിൽ എറണാകുളം സൗത്ത് പോലീസാണ് അന്വേഷണം ആരംഭിച്ചത്.
ഇതിനിടെ അഫ്ഗാൻ പൗരൻ കൊച്ചി കപ്പൽ ശാലയിൽ ജോലി ചെയ്ത സംഭവം കടുത്ത സുരക്ഷാ വീഴ്ചയായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് ഇയാൾ ജോലി ചെയ്തിരുന്നതെന്നാണ് കണ്ടെത്തൽ.