സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകള്‍ സ്റ്റെ ചെയ്തതില്‍ വിവരങ്ങള്‍ സുപ്രിംകോടതിക്ക് കൈമാറുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 13ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. പരീക്ഷ നടത്തുകയെന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ എഴുത്തുപരീക്ഷകള്‍ ഒരാഴ്ചത്തേക്കാണ് സറ്റേ ചെയ്തത്.
വെള്ളിയാഴ്ചയാണ് കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരമെന്ന് വിലയിരുത്തി സുപ്രിംകോടതി പരീക്ഷ സ്റ്റേ ചെയ്തത്. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത് കൊവിഡ് സാഹചര്യം വിലയിരുത്താതെയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 70 ശതമാനവും കേരളത്തിലേതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ ഈ സാഹചര്യത്തിലേക്ക് തള്ളി വിടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. പൊതുതാത്പര്യ ഹര്‍ജി ഈ മാസം 13ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ശ്രമമാണ് പരീക്ഷകള്‍ നടത്തുന്നതിന് പിന്നിലെന്നും വിദ്യാര്‍ത്ഥികള്‍ വാക്സിന്‍ എടുത്തവരല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.