സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചു. രാത്രി കർഫ്യുവും ഒഴിവാക്കി. കോളേജുകൾ തുറക്കാനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 4 ന് തുറക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾ തുടങ്ങാനാണ് അനുമതി. മെഡിക്കൽ കോളോജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. അധ്യാപകരും വിദ്യാർത്ഥികളും ഒരു ഡോസ് വാക്സിനെടുത്തിരിക്കണം. സ്കൂൾ അധ്യാപകർ ഈ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ആദ്യ ഡോസ് വാക്സിൻ എടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിന് സമാന്തരമായി നിപ പ്രതിരോധവും ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേവാര്‍ഡ് നിപ പ്രതിരോധ വാര്‍ഡാക്കും. ഇവിടെ അധികമായി ജീവനക്കാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിപ പ്രതിരോധത്തിന് എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധം ഏകോപിപ്പിക്കാന്‍ നിപ ആക്‌ഷന്‍ പ്‌ളാന്‍ നടപ്പാക്കും. നിപ പ്രതിരോധത്തിന് എല്ലാ നടപടികളും കൈക്കൊണ്ടു. മന്ത്രിമാര്‍ നിപ പ്രതിരോധ യജ്ഞത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. കൊവിഡ് വ്യാപനം സംസ്ഥാനത്ത് കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.