കൊച്ചി: ലക്ഷദ്വീപ് ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചു പൂട്ടൽ, സ്കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരണം എന്നിവ ചോദ്യം ചെയ്തുള്ള ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തളളിയത്. അഡ്മിനിസ്ട്രേഷന്റെ നയപരമായ തീരുമാനങ്ങളുടെ ഭാഗമായാണ് പരിഷ്കരണം കൊണ്ടുവന്നതെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. അഡ്മിനിസ്ട്രേഷന്റെ വാദങ്ങൾ അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു.
നയപരമായ തീരുമാനമാണെന്നും ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടം സഹിച്ച് ഡയറി ഫാം നടത്താനാകില്ല. സ്കൂളുകളിൽ പോഷകാഹാരം ലഭിക്കുന്ന ഭക്ഷണം നൽകണമെന്ന് മാത്രമാണ് നിർദ്ദേശമുള്ളത്. ബീഫ് തന്നെ വേണമെന്ന് നിർബന്ധമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി നടപടി.
അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ദ്വീപിന്റെ പാരമ്പര്യ, സാംസ്കാരിക തനിമയ്ക്ക് കോട്ടം വരുത്തിയെന്ന് കാണിച്ച് കെപിസിസി സെക്രട്ടറി നൗഷാദ് അലി സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഭരണ പരിഷ്കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി നടപടി. ലക്ഷദ്വീപ് ഭരണകൂടം തയാറാക്കിയ കൊറോണ എസ്ഒപി, താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ്, ഡയറി ഫാമുകൾ അടച്ചു പൂട്ടുന്നതിന് എടുത്ത തീരുമാനം എന്നിവയ്ക്കെതിരായ ഹർജികളും കോടതി തള്ളിയിരുന്നു.