ബംഗളൂരു : കർണാടകയിൽ പരീക്ഷ എഴുതാൻ കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഇളവ്. കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉള്ളവർക്ക് ഒരു രക്ഷിതാവുമായി എത്തി പരീക്ഷ എഴുതാം. എന്നാൽ മൂന്ന് ദിവസത്തിലധികം കർണാടകയിൽ തങ്ങാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഈ മാസം നടക്കാനിരിക്കുന്ന വിവിധ പരീക്ഷകൾ കണക്കിലെടുത്താണ് കർണാടക സർക്കാർ ഏഴ് ദിവസത്തെ ക്വാറന്റൈനിൽ ഇളവ് പ്രഖ്യാപിച്ചത്. അതേസമയം കർണാടകയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഇളവ് അനുവദിക്കില്ല. ഇവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ക്വാറന്റൈൻ നിൽക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണം. ഏഴാം ദിവസം കൊറോണ പരിശോധന നടത്തി, ഫലം നെഗറ്റീവ് ആയാൽ മാത്രമേ വിദ്യാർത്ഥികൾക്ക് കോളേജിൽ പ്രവേശിക്കാൻ സാധിക്കൂ.
കർണാടകയിൽ ജോലിക്കെത്തുന്നവരും ഈ നിബന്ധനകൾ തന്നെയാണ് പാലിക്കേണ്ടത്. കേരളത്തിൽ നിന്നെത്തുന്ന തൊഴിലാളികൾക്കായി കമ്പനികൾ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കണം എന്നാണ് സർക്കാർ നിർദ്ദേശം. അതേസമയം കേരളത്തിൽ നിന്ന് മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ല.
മരണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. കർണാടക വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ, ആരോഗ്യ പ്രവർത്തകർ, രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവരെയും നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം നിർബന്ധിക ക്വാറന്റൈൻ സംവിധാനം കർണാടക പിൻവലിക്കണമെന്ന് കേരളം അഭ്യർത്ഥിച്ചു. സംസ്ഥാനാന്തര യാത്രക്ക് വിലക്കുകൾ ഇല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കർണാടക സർക്കാരിന് ചീഫ് സെക്രട്ടറി വി.പി ജോയി കത്തയച്ചത്.