ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കും; സ്‌കൂളുകൾ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും വിദ്യാഭ്യാസ മേഖല മുന്നോട്ട് പോയെന്ന് മുഖ്യമന്ത്രി. ഒരു പ്രതിസന്ധിയുടെയും മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയല്ല ചെയ്‌തത്‌. കാലത്തിനനുയോജ്യമായ വികസന മേഖലകളിൽ കൂടി കടക്കേണ്ടതുണ്ട്.

അതുകൊണ്ടു തന്നെ ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറു ദിന പദ്ധതികളുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ 92 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 സ്‌കൂളുകളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also : കടൽക്കൊല കേസ്: ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയുടെ അമ്മ ഹൈക്കോടതിയിൽ

കണക്ടിവിറ്റി വിഷയത്തിൽ സേവന ദാതാക്കളുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളം വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടം അഭിമാനകരമാണ്. കൊവിഡ് പോലെയുള്ള പ്രശ്നങ്ങൾ ഇതിനിടയിൽ സംഭവിച്ചു എന്നതും വസ്തുതയാണ്‌.

സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം അക്കാദമിക്ക് സൗകര്യവും വികസിപ്പിക്കാൻ സാധിച്ചു. അത്യപൂർവം സ്ഥലങ്ങളിൽ മാത്രമെ ഇപ്പോൾ കണക്ടിവിറ്റി പ്രശ്‌നമുള്ളു. ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ കുട്ടികളുടെ കണക്കെടുത്തെന്ന് മുഖ്യമന്ത്രി. സൗകര്യപ്രദമായ സമയത്ത് സ്‌കൂളുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് തീര്‍ത്ത പ്രതിസന്ധി വെല്ലുവിളിയായിട്ടുണ്ടെങ്കിലും ജനാധിപത്യ ബദലുകള്‍ ഉയര്‍ത്തുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Tags