നിപ: കേന്ദ്രസംഘം കോഴിക്കോട്, പന്ത്രണ്ടുകാരൻ റംബൂട്ടാൻ കഴിച്ചെന്ന് കരുതുന്നയിടം സന്ദർശിച്ചു, സാമ്പിൾ ശേഖരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘമെത്തി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് മരിച്ച പന്ത്രണ്ടുകാരന്റെ സ്ഥലം സന്ദർശിക്കുന്നത്.  വീട്ടിലെത്തിയ സംഘം വിവരങ്ങൾ ശേഖരിച്ചു. കുട്ടിക്ക് രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നതിൽ ഇതുവരെ വ്യക്തതയില്ല. രോഗം ബാധിക്കുന്നതിന് മുമ്പ് കുട്ടി പറമ്പിൽ നിന്നും റംബൂട്ടാൻ കഴിച്ചിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഈ സ്ഥലം സന്ദർശിച്ച കേന്ദ്രസംഘം റംബൂട്ടാൻ സാംപിളുകളും ശേഖരിച്ചു.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂര്‍ സ്വദേശിയായ  പന്ത്രണ്ടുകാരനാണ് നിപാ ബാധിച്ച് മരിച്ചത്. മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്ക്, ഇന്നലെ രാത്രിയാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘം കോഴിക്കോട്ട് ക്യാംപ് ചെയ്യുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ വിഭാഗം തലവന്മാരുടെ യോഗം പ്രിൻസിപ്പൽ വിളിച്ചു ചേർത്തിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി യോഗത്തിൽ പങ്കെടുക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, കളക്ടർ, വിവിധവകുപ്പ് മേധാവിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നടപടികൾ വിലയിരുത്തും.

തെങ്ങുകയറ്റ തൊഴിലാളിയായ പാഴൂര്‍ മുന്നൂര്‍ സ്വദേശിയുടെ മകനായ പന്ത്രണ്ടുകാരനാണ് നിപ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങിയത്. രണ്ടാഴ്ചയോളമായി പനിയും തലവേദനയും അനുഭവപ്പെട്ട കുട്ടിയ ആദ്യം ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. രോഗം കൂടുതല്‍ വഷളായതോടെ ബന്ധുക്കളുടെ താല്‍പര്യാര്‍ത്ഥം ഇക്കഴിഞ്ഞ ഒന്നാം തീയതി കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മസ്തിഷക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ സ്വകാര്യ ആശുപത്രി അധികൃതര്‍ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ഫലം വന്നു. രോഗം സ്ഥിരികരിച്ചതോടെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി അടിയന്തര യോഗം ചേര്‍ന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുളള ഒരുക്കങ്ങള്‍ തുടരുന്നതിനിടെ പുലര്‍ച്ചെ 4.30ഓടെയായിരുന്നു മരണം.

കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരായ വീണ ജോര്‍ജ്ജ്, മുഹമ്മദ് റിയാസ്, അഹ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിതഗതികള്‍ വിലയിരുത്തി. ഗസ്റ്റ് ഗൗസ് കേന്ദ്രമാക്കി കണ്‍ട്രോള്‍ റൂമും തുറന്നു. മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് സ്രവസാംപിള്‍ എന്തുകൊണ്ട് പരിശോധനയ്ക്ക് അയിച്ചില്ലെന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. അതിനിടെ, മരിച്ച 12 കാരന്‍റെ സംസ്കാര ചടങ്ങുകള്‍ കണ്ണംപറന്പ് ഖബര്‍സ്ഥാനില്‍ നടന്നു. പ്രൊട്ടോക്കോള്‍ പാലിച്ച് ആരോഗ്യ പ്രവര്‍ത്തകരും ഏതാനും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 
Tags