പാലക്കാട് : വീണ്ടും സമരമുഖത്തേക്ക് ഇറങ്ങാനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.തിങ്കളാഴ്ച മുതൽ അട്ടപ്പളത്തെ വീടിന് മുൻപിൽ നിരാഹാരമിരിക്കും. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം.
അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജൻ, ചാക്കോ എന്നിവർക്കെതിരെ നടപടിയെടുക്കും വരെ നിരാഹാരമിരിക്കാനാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് നിരാഹാര സമരം ആരംഭിക്കുന്നത്. മുൻപ്
വാളയാർ പെൺകുട്ടികളുടെ മരണത്തിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും പരിഹാര നടപടികൾ ഒന്നും ഉണ്ടായില്ല.
2017 ലാണ് വാളയാറിൽ പതിമൂന്നും ഒൻപതും വയസുള്ള സഹോദരിമാരായ ദളിത് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരിയിലും മാർച്ചിലുമായിയാണ് ഇരുവരെയും കണ്ടെത്തിയത് ഇരുവരും അതിക്രൂര ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായി പോസ്റ്റ് മാർട്ടം റിപ്പോർട്ട് ചൂണ്ടി കാട്ടിയിരുന്നു.
എന്നാൽ അന്വേഷണത്തിന്റെ ആരംഭം മുതൽ കേസ് അട്ടിമറിക്കാനും പ്രതികളെന്ന് സംശയിക്കുന്നവര സംരക്ഷിക്കാനും പലയിടങ്ങളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായിരുന്നു. ആത്മഹത്യയെന്ന് പറഞ്ഞ് കേസന്വേഷണം പകുതി വഴിക്ക് അവസാനിപ്പിച്ചിരുന്നു. തുടർന്ന് സർക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയർന്നു ഇതിനെ തുടർന്ന് കേസന്വേഷണം പുനരാംരംഭിച്ചു.
എന്നാൽ നാളിതുവരെയായിട്ടും കേസന്വേഷണത്തിൽ പുരോഗതി ഉണ്ടാവത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ നിയമ തിരഞ്ഞെടുപ്പിൽ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചത് വലിയ ചർച്ചയായിരുന്നു. നീതി കിട്ടാനായി പല വാതിലുകളും പല വഴികളും ശ്രമിച്ചെങ്കിലും ഫലമെന്നും കാണാത്തിനെ തുടർന്നാണ് കുട്ടികളുടെ അമ്മ നിരാഹാരസമരത്തിനിറങ്ങുന്നത്.നിലവിൽ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്