കർഷക പ്രതിഷേധക്കാർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് സിപിഎം പിന്തുണ; പാർട്ടി പ്രവർത്തകർ ബന്ദ് വിജയിപ്പിക്കണമെന്നും ആഹ്വാനം

ന്യൂഡൽഹി: കർഷക പ്രതിഷേധക്കാർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. ബന്ദ് വിജയിപ്പിക്കാനുള്ള പ്രവർത്തങ്ങൾ ഏറ്റെടുക്കുവാൻ പാർട്ടി പ്രവർത്തകരോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മാസം 25 നാണ് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് ബഹുജനപിന്തുണ വേ്ണമെന്ന അഭ്യർത്ഥനയും സിപിഎം നടത്തി. കഴിഞ്ഞ ദിവസം സിപിഎം, സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവർ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ ബന്ദിന് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.

കേന്ദ്രസർക്കാർ അവതരിപ്പിച്ച കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് 10 മാസമായി പ്രതിഷേധക്കാർ സമരം നടത്തുന്നത്. മുൻപും സമാനമായ രീതിയിൽ ഇവർ ഭാരത് ബന്ദ് നടത്തിയിട്ടുണ്ടെങ്കിലും കേരളം ഒഴികെയുളള സംസ്ഥാനങ്ങളിൽ തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്.

കൊറോണ മൂലം ജനങ്ങൾ വലയുന്ന സാഹചര്യം പരിഗണിക്കാതെ ബന്ദിന് ആഹ്വാനം ചെയ്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടയിലാണ് സിപിഎം ഉൾപ്പെടെയുളള ഇടത് പാർട്ടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്.

പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത് നിരാശാജനകമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എന്നാൽ നിയമങ്ങൾ പിൻവലിക്കണമെന്ന പ്രതിഷേധക്കാരുടെ കടുംപിടുത്തമാണ് പ്രശ്‌നപരിഹാരം വൈകിപ്പിച്ചതെന്ന വസ്തുത മറച്ചുവെച്ചായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ആദ്യഘട്ടത്തിൽ പ്രതിഷേധക്കാരുമായി നിരന്തരം കേന്ദ്രസർക്കാർ ചർച്ച നടത്തിയിരുന്നെങ്കിലും വിഷയം തീർക്കാൻ ഇവർ തയ്യാറായിരുന്നില്ല.
Tags