രണ്ടാംഘട്ട പുന:സംഘടനയിൽ വിശദമായ ചർച്ച നടക്കുമെന്ന് വിഡി സതീശൻ; ചർച്ചകളോട് പൂർണ്ണമായി സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ അതൃപ്തി പരിഹരിക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ഹരിപ്പാട്ടെ എം.എല്‍.എ ഓഫീസിലാണ് ചര്‍ച്ച നടത്തിയത്. പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് കൂടിക്കാഴ്ച്ചയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. നേതാക്കളുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വത്തെ വഴിനടത്തേണ്ടവരാണ്. പ്രശ്നം തീര്‍ക്കുന്നതില്‍ ഇരുവരും സഹകരണം വാഗ്ദാനം ചെയ്തു.

രണ്ടാംഘട്ട പുന:സംഘടനയിൽ വിശദമായ ചർച്ച നടക്കുമെന്നും പ്രശ്‌ന പരിഹാരത്തിന് തുടർച്ചയായ ചർച്ച ഉറപ്പുവരുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമന്വയത്തിന്റെ രീതിയിലേ പോകൂ എന്നതാണ് സമീപനമെന്ന് വി.‍ഡി സതീശൻ രമേശ് ചെന്നിത്തലയെ ശേഷം പറഞ്ഞു. തുടർച്ചയായ ചർച്ചകൾ അഭിപ്രായ സമന്വയത്തിൽ എത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചകളോട് പൂർണ്ണമായി സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. വി.ഡി സതീശന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നെന്നും ചെന്നിത്തല പറഞ്ഞു.

രാവിലെ ഉമ്മന്‍ ചാണ്ടിയുമായി സതീശന്‍ ചര്‍ച്ച നടത്തിയിരുന്നു. ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ട് ഒരുമിച്ചുപോവുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ചെന്നിത്തലയെ എത്രത്തോളം അനുനയിപ്പിക്കാനാവും എന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു.
Tags