നിപ: വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

നിപയിൽ ( nipah ) വയനാട്ടിലും ( wayanad ) ജാഗ്രത ( alert ) വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കണ്ണൂർ ,മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാ​ഗ്രത വേണമെന്ന നിർദേശം നൽകിയത്.

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. പന്ത്രണ്ട് വയസുകാരൻ നിപ ബാധിച്ച് മരിച്ചതോടെ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജാ​ഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പട്ടികയിൽ വയനാട് ജില്ലയെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം വര്‍ധിച്ചേക്കാമെന്ന് സ്ഥലം എംഎല്‍എ പി.ടി.എ റഹീം അറിയിച്ചു. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ നിന്നാണ് കൂടുതല്‍ സമ്പര്‍ക്കം ഉണ്ടായിരിക്കുന്നത്. പാഴൂര്‍ മേഖലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് പതിനെട്ട് പേര്‍ മാത്രമാണെന്നും എംഎല്‍എ പറഞ്ഞു.

നിലവില്‍ 251 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നേരത്തെ ഇത് 188 ആയിരുന്നു. 251 പേരില്‍ 32 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്. എട്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവ സാമ്പിളുകള്‍ പരിശോധിച്ച് ഫലം വരുന്നതിനെ അടിസ്ഥാനമാക്കിയാകും തുടര്‍ നടപടികള്‍.

രോഗ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ശേഖരിക്കുന്ന സാമ്പിളുകള്‍ തിരുവനന്തപുരത്തേയും ഭോപ്പാലിലെയും ലാബുകളിലേക്ക് പരിശോധനയക്കായി അയക്കും. ഈ ഫലം അടിസ്ഥാനമാക്കിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. പ്രദേശത്തെ വവ്വാലിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
Tags