കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റിലായിരുന്ന പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മോഡലും സുഹൃത്തുമായ യുവതിയെ കൊച്ചിയിലെ ഫഌറ്റിൽ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ടു മാസം മുൻപാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും തന്റെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും കണ്ണൂർ സ്വദേശിയായ യുവതി മാർട്ടിനെതിരെ പരാതി നൽകിയിരുന്നു. ഫ്‌ളാറ്റിൽ നിന്നും പ്രതിയുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ യുവതി വീട്ടിൽ വിവരമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ പോയ മാർട്ടിനെ പേലീസ് പിടികൂടുകയായിരുന്നു. കേസിൽ മാർട്ടിന്റെ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേരും നേരത്തെ അറസ്റ്റിലായിരുന്നു.
പരാതിക്കാരിയായ യുവതിയും മാർട്ടിനും ഒരു വർഷത്തോളമായി കൊച്ചിയിൽ ഒരുമിച്ച് കഴിയുകയായിരുന്നു.മാർട്ടിൻ മാർക്കറ്റിങ് രംഗത്തും യുവതി മോഡലിങ് മേഖലയിലും ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിൽ ഇരുവരുടെയും ഇടയിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.