ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും; ഇനി ക്ഷേത്രനട തുറക്കുക സെപ്റ്റംബർ 16 ന്
August 23, 2021
ശബരിമല: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായാണ് ക്ഷേത്രനട ഈ മാസം തുറന്നത്. ഇനി സെപ്റ്റംബർ 16ന് വൈകുന്നേരം 5 മണിയ്ക്ക് ആയിരിക്കും കന്നിമാസ പൂജകൾക്കായി നട തുറക്കുക.
ചതയം ദിനമായ ഇന്ന് പുലർച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും ഉണ്ടായിരുന്നു. വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം പടിപൂജയും പുഷ്പാഭിഷേകവും നടന്നു.
ചതയം ദിനത്തിലും ഭക്തർക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേൽശാന്തിയുടെ വകയായിരുന്നു ചതയ ദിനത്തിലെ ഓണസദ്യ. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയർമാൻ വൈ. വി. സുബ്ബ റെഡ്‌ഡി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻ ദാസ്, ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി എന്നിവർ ശബരിമലയിൽ എത്തി കലിയുഗവരദ ദർശനം നടത്തിയിരുന്നു.
Tags