ഓണച്ചന്തകൾ ഉണരുന്നു… സപ്ലൈകോയുടെ ഓണച്ചന്തകള്‍ക്ക് ഇന്ന് തുടക്കം; ക്രമീകരണങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണവിപണികൾ സജീവമാകുന്നു. സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾക്കായി പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. കൺസ്യൂമർഫെഡ്‌, സപ്ലൈകോ, ഹോർട്ടി കോർപ്പ്‌ എന്നിവ വരും നാളുകളിൽ സജീവമാവും. 11 മുതൽ 20 വരെയാണ്‌ കൺസ്യൂമർഫെഡ്‌ വിവിധ സഹകരണ ബാങ്കുകൾക്കു കീഴിലായി ഓണച്ചന്ത ഒരുക്കിയിരിക്കുന്നത്. ജില്ലാ, താലൂക്ക്‌ കേന്ദ്രങ്ങളിൽ പ്രത്യേകവും സൂപ്പർമാർക്കറ്റിനോടനുബന്ധിച്ചും ചന്തകൾ തുറക്കുന്നുണ്ട്‌. അതേസമയം ഹോർട്ടി കോർപ്പിന്റെ ഓണച്ചന്ത 17 മുതൽ ആണ് ആരംഭിക്കുന്നത്. എന്നാൽ ഒരു ദിവസം ഒരു ഓണച്ചന്തയില്‍ 75 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം, ഇവര്‍ക്ക് മുന്‍കൂട്ടി ടോക്കണ്‍ നല്‍കി പ്രവേശനത്തിനുള്ള സമയം ക്രമീകരിക്കും. പൊതുവിപണിയെക്കാളും 30 ശതമാനം വിലക്കിഴിവിലാണ് സാധനങ്ങള്‍ ലഭ്യമാക്കുക. രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാകും ഓണച്ചന്തകളുടെ പ്രവർത്തന സമയം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഓണച്ചന്തകളുടെ പ്രവര്‍ത്തനം നടക്കുകയെന്ന് സർക്കാർ അറിയിച്ചു.
Tags