ഓണക്കിറ്റിൽ കശുവണ്ടിപ്പരിപ്പില്ല; പകരം മറ്റെന്തെങ്കിലും അധികം ലഭിക്കും

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റിൽ കശുവണ്ടിപ്പരിപ്പില്ല. കിറ്റിലുൾപ്പെടുത്താനുള്ള കശുവണ്ടിപ്പരിപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് നീക്കം ഉപേക്ഷിച്ചത്. പകരം കായം, പുളി, ആട്ട, പഞ്ചസാര എന്നിവയിൽ ഏതെങ്കിലും ഒന്ന് അധികമായി ലഭിക്കും. ഓണക്കിറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സപ്ലൈകോ മേഖലാ മാനേജർമാരുടെയും, വകുപ്പ് മേധാവികളുടെയും യോഗം ചേർന്നിരുന്നു. ഇതിലാണ് കശുവണ്ടിയുടെ ലഭ്യതക്കുറവ് ചർച്ചയായത്. തുടർന്ന് മറ്റുള്ളവയിൽ ഏതെങ്കിലും ഒരു ഉത്പന്നം അധികമായി നൽകാൻ യോഗം തീരുമാനിക്കുകയായിരുന്നു. 50 ഗ്രാം കശുവണ്ടിപ്പരിപ്പാണ് ഓണക്കിറ്റിൽ നൽകാനിരുന്നത്. എന്നാൽ ഈ നീക്കം ഉപേക്ഷിച്ചതോടെ 50 ഗ്രാം കായം/ കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോ ഗ്രാം ആട്ട, ഒരു കിലോ ഗ്രാം പഞ്ചസാര എന്നിങ്ങനെ ഏതെങ്കിലും ഉത്പന്നം നൽകും. ഇതുമായി ബന്ധപ്പെട്ട് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ മേഖലാ ഡിപ്പോ മാനേജർമാർക്ക് നിർദ്ദേശം നൽകി. കശുവണ്ടിപ്പരിപ്പ് ലഭിക്കാത്തതിനാൽ ഓണക്കിറ്റ് പാക്ക് ചെയ്യുന്നതിൽ കാലതാമസം വന്നിരുന്നു. ഇതേ തുടർന്നാണ് യോഗം ചേർന്നത്. 15 ഇനങ്ങളാണ് ഇക്കുറി ഓണക്കിറ്റിൽ ഉള്ളത്.
Tags