കൊവിഡ് അവലോകന യോഗം തുടരുന്നു; കടകളുടെ പ്രവർത്തന സമയം വർധിപ്പിച്ചേക്കും
August 03, 2021
സംസ്ഥാനത്തെ ലോക്ക്ഡൗൺ രീതി മാറിയേക്കുമെന്ന് സൂചന. കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കുന്നതടക്കമുള്ള നടപടികൾ സംസ്ഥാനം കൈക്കൊണ്ടേക്കുമെന്നാണ് സൂചന. നിലവിൽ കൊവിഡ് അവലോകന യോഗം നടക്കുകയാണ്. യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യുകയാണ്. നേരത്തെ, സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു. (lockdown guidelines kerala change
സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ നിബന്ധനകൾ അശാസ്ത്രീയമാണെന്നായിരുന്നു വിമർശനം. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി അവലോകന യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ പ്രായോഗികമായില്ലെന്നും ലോക്ഡൗൺ തുടർന്നിട്ടും വ്യാപനം കുറഞ്ഞില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വേണമോ എന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നത്.
വാരാന്ത്യ ലോക് ഡൗൺ ഞായറാഴ്ച്ച മാത്രമായി പരിമിതപ്പെടുത്താനായിരുന്നു ചീഫ് സെക്രട്ടറി തല ശുപാർശ. മറ്റൊന്ന് ആഴ്ച്ചയിലെ 6 ദിവസവും കടകൾ തുറക്കാം എന്നതാണ്. കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനും ശുപാർശയിൽ പറയുന്നു.
ടിപിആർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരും. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി തിരിച്ച് അടച്ചിടൽ നടപ്പാക്കും. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകൾ നടത്തണമെന്നും ശുപാർശയിൽ പറയുന്നു.
Read Also: സംസ്ഥാനത്ത് ഇന്ന് 23,676 പേർക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87
ഓണത്തിന് ഇളവുകൾ അനുവദിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. എന്നാൽ രോഗവ്യാപനം കൂടാതെയും കഴിഞ്ഞ തവണ പെരുന്നാൾ ഇളവിനോടനുബന്ധിച്ച് സുപ്രിംകോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിക്കാതെയും ഇളവുകൾ അനുവദിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങൾ മാറ്റി മൈക്രോ കണ്ടയ്ൻമെൻറ് സോണുകൾ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയൻമെൻറ് സോണായി തിരിച്ച് അടച്ചിടൽ നടപ്പാക്കിയേക്കും. പത്തിൽ കൂടുതൽ ടിപിആർ ഉള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിർദ്ദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്.
ചീഫ് സെക്രട്ടറിതല ശുപാർശയിൽ തീരുമാനം ഇന്ന് വൈകുന്നേരം ചേരുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്യും. അതേസമയം, ആരോഗ്യ വകുപ്പിന് ഇളവുകൾ നൽകുന്നതിനോട് യോജിപ്പില്ലെന്നാണ് പുറത്ത് വരുന്ന വിവരം. മൂന്നാം തരംഗം വരാനിരിക്കെ ഇത്തരം ഇളവുകൾ നൽകുന്നതിൽ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.